Monday, December 24, 2007

എന്റെ ആദ്യ കഥ

‘ആത്മഹത്യ’ എന്ന പേരില്‍ കഥാ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് എന്റെ അദ്യത്തെ കഥ.

ആദ്യത്തെ കഥയെക്കുറിച്ച് പറയുന്നതിന് മുമ്പ് ഞാനെന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയാം. അസ്വസ്ഥതകള്‍ നിറഞ്ഞ ബാല്യകാലം മനസ്സില്‍ കോറിയിട്ട ഒരുപാട് കാര്യങ്ങള്‍. അപഭ്രംശം വന്ന ഓര്‍മ്മകളിലൊന്നും ഉപ്പയുടെ മുഖമില്ല. എനിക്ക് നാല് വയസ്സുള്ളപ്പോള്‍ മരണപ്പെട്ട ഉപ്പയുടെ രൂപത്തിന് ഉമ്മയുടെ കണ്ണുനീരിന്റെ നനവായിരുന്നു. യത്തീംകുട്ടികള്‍ക്ക് ചോറുകൊടുക്കാന്‍ നേര്‍ച്ചയാക്കുന്ന പണക്കാര്‍ അനാഥക്കുട്ടികളെ തേടി മദ്രസയിലെത്തും. ബാപ്പയില്ലാത്തവര്‍ എഴുന്നേറ്റ് നില്‍ക്കുക എന്ന് മൊല്ലാക്ക പറയുമ്പോള്‍ എണീക്കാതെ ഞാന്‍ ബഞ്ചില്‍ തന്നെയിരിക്കും. ആരുടേയും ഔദാര്യം ആഗ്രഹിക്കാത്ത എന്റെ ബാല്യമനസ്സിന് നന്ദി. അമ്മാവന്‍ അന്ത്രുകാക്ക ആഴ്ചതോറും തരുന്ന 20 രൂപ കൊണ്ട് അന്തസ്സായി 6 വയറുകള്‍ പുലരുന്ന കാലം. അനാഥത്വത്തിന്റെ വ്യഥ ഉള്ളിലൊളിപ്പിച്ച് തെളിവെയിലില്‍ പുഴയോരത്ത് കൂടെ നടന്ന് നേരം കളയുന്ന നാളുകള്‍.

ഒഴിവ് സമയങ്ങളില്‍ വീടിന്റെ ഇറയത്തിരുന്ന് ഞാനും ഇഞ്ഞക്കാക്ക് എന്ന് ഞാന്‍ വിളിക്കുന്ന ജ്യേഷ്ഠനും ഒരുപാട് സങ്കല്‍പ്പ കഥകള്‍ നിര്‍മ്മിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ സഭാഷണങ്ങളിലൂടെ വിരിഞ്ഞുവരുന്ന കഥാപാത്രങ്ങള്‍ പണക്കാരായിരുന്നു. അവരുടെ പേരുകളാവട്ടേ വലരെ വിചിത്രവും. മന്താണിക്കാക്കയായിരുന്നു പ്രധാന കഥാപത്രം. അയാളുടെ മകന് നോട്ടടിക്കുന്ന കമ്പനിയില്‍ ജോലി. മന്താണിക്കാക്ക എന്ന് പേരുള്ള ഒരാളെ ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ കേട്ടിട്ടില്ല.

ഭക്ഷണത്തേക്കാള്‍ കൂടുതല്‍ വീട്ടിലുണ്ടായിരുന്നത് പുസ്ഥകങ്ങളായിരുന്നു. നാടകഭ്രാന്തും സാഹിത്യസമാജവുമായി നടന്നിരുന്ന കാലിക്കാക്ക. ഉത്തരവാദിത്വങ്ങളുടെ നടുക്കയത്തിലും സാഹിത്യം ഇഷ്ടപ്പെട്ടിരുന്ന വല്ല്യാക്ക. പക്ഷെ എന്റെ ബാല്യകൌമാര ദിനങ്ങള്‍ മുഴുവന്‍ ഹംസു എന്ന് പേരുള്ള എന്റെ ചെറ്യാക്കയെ ചുറ്റിപ്പറ്റിയായിരുന്നല്ലോ.

കുറച്ച് കാലം മാത്രം ഈ ഭൂമിയില്‍ ജീവിച്ച് അകാലത്തില്‍ ഞങ്ങളെവിട്ട് പോയ എന്റെ പ്രിയസഹോദരന്‍. മാനസികാ‍സ്വാസ്ഥ്യത്തിന്റെ തടവറയില്‍ കഴിയുമ്പോഴും ലേഖനങ്ങളും കഥകളും എഴുതി സമ്മാനങ്ങള്‍ നേടാറുള്ള എന്റെ ചെറിയാക്ക.

വേനലിലും മഴ്യിലും മഞ്ഞിലും അലിഞ്ഞുപോകാത്ത സ്നേഹം തന്ന എന്റെ ചെറിയാക്ക. എന്റെ എല്ലാ സംശയങ്ങള്‍ക്കും മറുപടി തരാറുള്ള, ഒരു ചങ്ങാതിയെ പോലെ എന്നോട് പെരുമാറുന്ന എന്റെ ജേഷ്ഠന്‍.

എന്റെ മനസ്സില്‍ സാഹിത്യത്തോടുള്ള താല്പര്യത്തിന്റെ ആദ്യത്തെ വിത്തെറിഞ്ഞത് ചെറിയാക്കയായിരുന്നു. ആരൊക്കെയാണ് നല്ല എഴുത്തുകാര്‍, ഏത് പുസ്തകങ്ങളാണ് നല്ലത് എന്നൊക്കെ എന്നോട് ചെറിയാക്ക വിശദമായി പറഞ്ഞുതരും.

മനോരോഗ ചികിത്സാകേന്ദ്രങ്ങളിലും പിന്നെ വിടിന്റെ ഇത്തിരിവട്ടത്തിലും അശാന്തമായ മനസ്സുമായി ജീവിക്കുന്നതിനിടക്ക് ചെറിയാക്ക ഒരുപാട് ആത്മഹത്യാ ശ്രമങ്ങള്‍ നടത്തി. തൊടിയില്‍ ഒരു ചക്ക വീഴുന്ന ശബ്ദം കേട്ടാല്‍ ചെറിയാക്കയുടെ ആത്മഹത്യാശ്രമമാണന്ന് സംശയിച്ച് ഞങ്ങള്‍ കിണറ്റിന്‍ കരയിലേക്ക് ഓടുമായിരുന്നു.

ആത്മഹത്യാപ്രവണതയുള്ളത് കൊണ്ട് മുഴുവന്‍ സമയങ്ങളിലും ചെറിയാക്കയെ ശ്രദ്ധിക്കുകയാണ് എന്റെ ജോലി. ചെറിയാക്കയെ നോക്കാന്‍ എപ്പോഴും വീട്ടിലുണ്ടാവണമെന്ന കാരണത്താല്‍ സമപ്രായക്കാരൊന്നിച്ച് കളിച്ചുല്ലസിക്കാന്‍ എനിക്ക് കഴിയാറില്ല. അന്നേരം ഞാന്‍ പുസ്തകങ്ങളില്‍ അഭയം തേടും. വായനയുടെ ലോകത്തില്‍ മുഴുകവേ പുതിയൊരു ലോകം എനിക്കു മുന്നില്‍ തുറന്നു.

പരീക്ഷയുടെ തലേ ദിവസം പോലും നോവല്‍ വായനയില്‍ മുഴുകുമ്പോള്‍ പരീക്ഷക്ക് വേണ്ടി മോന്‍ നന്നായി പഠിക്കുന്നുണ്ട് എന്ന് തെറ്റിദ്ധരിക്കുന്ന പാവം ഉമ്മ.

വായന തുറന്ന് തന്ന അത്ഭുതലോകത്തില്‍ വിഹരിക്കവേ ഒരു എഴുത്ത്കാരനാവണം എന്ന മോഹം എന്നില്‍ കിളിര്‍ത്തു. കെട്ടുകഥകളുടെ നിര്‍വ്ര്ഹ്തി നുകരാന്‍ എനിക്കും എന്ത് കൊണ്ട് സ്വന്തമായി എഴുതിക്കൂടാ..പക്ഷെ, എന്തിനെക്കുറിച്ചെഴുതും, അയല്പക്കത്തെ കുഞ്ഞുപ്പെണ്ണിന്റെ മകള്‍ വസന്തയെക്കുറിച്ചായലോ. കുമാരന്റെ ചുവന്ന കണ്ണുകള്‍ ഓര്‍മ്മയിലെത്തവേ ആ ചിന്തയില്‍ നിന്ന് ഞാന്‍ പിന്തിരിഞ്ഞു.

ചിത്തഭ്രമത്തിന്റെ ചിതല്‍പുറ്റില്‍ കഴിയുന്ന എന്റെ ചെറിയാക്കയുടെ ആത്മഹത്യചെയ്യാനുള്ള ത്വരയെപ്പറ്റി എഴുതാന്‍ തീരുമാനിച്ചു. ആത്മഹത്യ ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് പരാജയപ്പെട്ട ചെറിയാക്ക എന്റെ മുന്നില്‍ ഒരു കഥയല്ലല്ലോ. ജീവിക്കുന്ന ഒരു സത്യം തന്നെയാണല്ലോ.

ജനലഴികള്‍ക്കിടയിലൂടെ ചെരിഞ്ഞ് വീഴുന്ന മഞ്ഞ സൂര്യ വെളിച്ചത്തില്‍ ചിന്തകളെ മേയാന്‍ വിട്ട് ഞാനിരുന്നു. കടലാസിന്റെ ശുഭ്രതയിലേക്ക് പിറന്ന് വീഴാന്‍ മടിക്കുന്ന വാക്കുകള്‍. ഒന്നും എഴുതാന്‍ പറ്റുന്നില്ല. എഴുതിത്തുടങ്ങിയത് വെട്ടി.

ഒരുപാട് ചിത്രങ്ങള്‍ മനസ്സില്‍ തിക്കിത്തിരക്കി വരുന്നു. പക്ഷെ അവക്കൊന്നും അടുക്കും ചിട്ടയുമില്ലായിരുന്നു. എന്തൊക്കെയോ എഴുതി. ഇല്ല കഥ ശരിയാവുന്നില്ല.

ഞാന്‍ ചാലിച്ച് വച്ച എല്ലാ വര്‍ണ്ണങ്ങള്‍ക്കുമപ്പുറത്തെ വലിയ പ്രതലത്തില്‍ നിന്നുകൊണ്ട് ചെറിയാക്ക ജീവിക്കുന്നു. കടലാസിലേക്ക് നോക്കിക്കൊണ്ട് വാക്കുകള്‍ക്ക് വേണ്ടി വീര്‍പ്പുമുട്ടുന്ന ഞാന്‍. ഒരു വാചകം എഴുതാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ അല്ലങ്കില്‍ ആഴ്ചകള്‍. വിരല്‍തുമ്പുകള്‍ അക്ഷരം മറക്കുന്നു. കഥയെഴുത്ത് വേണ്ടന്ന് വെച്ച് ഞാന്‍ കടലാസുകള്‍ മേശക്കുള്ളില്‍ ഉപേക്ഷിച്ചു. മാസങ്ങള്‍ കടന്ന് പോയി. അതിനിടക്ക് വീണ്ടും ചെറിയാക്കയുടെ ആത്മഹത്യാ ശ്രമങ്ങള്‍.

ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത കഥ പക്ഷെ എന്റെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. പിറ്റെ ദിവസം രാവിലെ ഊണര്‍ന്നത് തന്നെ കഥയെഴുതണം എന്ന ചിന്തയോടെയാണ്. മഴക്കാലം മൂര്‍ദ്ധന്യതയിലായിരുന്നു അപ്പോള്‍. നിറഞ്ഞ് നില്‍ക്കുന്ന കിണറ്റിലേക്ക് വീണ്ടും ചെറിയാക്ക എടുത്ത് ചാടി. ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ കിണറിന്റെ ചുറ്റുപടികളില്‍ പിടിച്ച് നില്‍ക്കുന്ന ചെറിയാക്ക. കയ്യെത്താത്ത അകലത്തുനിന്ന് മരണം അയാളെ നോക്കി പല്ലിളിച്ചു എന്ന വാക്ക് അന്നേരം എന്റെ മനസ്സിലേക്ക് ഓടിയെത്തി.

എന്റെ മുന്നില്‍ കഥയുടെ പൂര്‍ണ്ണരൂപം തെളിഞ്ഞു വന്നു. ആത്മഹത്യ ചെയ്യാനുള്ള എല്ലാമാര്‍ഗ്ഗങ്ങളും ഒന്നിച്ച് ഉപയോഗിച്ചിട്ടും മരണപ്പെടാത്ത ഒരാളെക്കുറിച്ചായിരുന്നു ആ കഥ. നമ്പൂതിരിയുടെ രേഖാചിത്രത്തോടെ അച്ചടിമഷി പുരണ്ട് വന്ന ആ കഥ പക്ഷെ ചെറിയാക്കക്ക് കാണിച്ച്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അസ്വസ്ഥതയുടെ ഒരു മണ്‍ തരിപോലും നുള്ളിയിട്ട് ചെറിയാക്കയെ വേദനിപ്പിക്കാന്‍ എനിക്കാവുമായിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട ഈ ചെറിയാക്കാക്കായാണ് എന്റെ ഈ ചെറുകഥാ സമാഹാരം ഞാന്‍ സമര്‍പ്പിക്കുന്നത്.

ഇതാണെന്റെ ആദ്യത്തെ കഥയുടെ കഥ.

നമ്മുടെ മനസ്സിന്റെ ലോകങ്ങളില്‍ മരുഭൂമികള്‍ വളരുന്ന ഈ കാലത്ത് എവിടെയെങ്കിലും ഒരു പച്ചപ്പ് കാണുമ്പോഴുള്ള ആഹ്ലാദം, അവ കഥാരൂപത്തില്‍ അവതരിപ്പിക്കാനാണ് എനിക്കിഷ്ടം. മനുഷ്യന്റെ സ്വപ്നങ്ങളിലേക്കും സ്വപ്നഭംഗങ്ങളിലേക്കും ഞാന്‍ നറ്റത്തുന്ന യാത്രയാണ് എന്റെ കഥകള്‍.

ഞാന്‍ പടച്ചവനോട് പ്രാര്‍ത്തിക്കുന്നു, സ്വപ്നങ്ങള്‍ കാണാനുള്ള കഴിവ്, ജീവിതത്തെക്കുറിച്ച് സത്യങ്ങള്‍ പറയാനുള്ള കഴിവ് എനിക്ക് തരണേ എന്ന്.
------------------------
ഉസ്മാന്‍ ഇരുമ്പുഴി

9 comments:

ഏ.ആര്‍. നജീം said...

പ്രിയ ഉസ്മാന്‍ ,

താങ്കള്‍ എട്ട് പോസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും ഈ ബ്ലോഗ് ഞാന്‍ ആദ്യം കാണുകയാണ്. നല്ല നിഷ്കളങ്കമായ രചനാ രീതി എനിക്കിഷ്ടപെട്ടു..

ഇത് ശരിക്കും കഥയാണോ അതോ ഇതില്‍ പറഞ്ഞിരിക്കുന്നത് പോലെ സാഹചര്യത്തെ കുറിച്ച്, അല്ലെങ്കില്‍ ജീവിതത്തെ കുറിച്ച് എഴുതിയതാണോ..?

അഭിനന്ദനങ്ങള്‍...!

അലി said...

പ്രവാസലോകത്തിലെ പ്രിയപ്പെട്ട കഥാകാരന്റെ ആദ്യ കഥ വന്നവഴികളിലൂടെ... അനാഥത്വം നിറഞ്ഞ ബാല്യത്തിലൂടെ..
മരണത്തെ പ്രണയിച്ച പ്രിയ സഹോദരനെ കാവലിരുന്ന് കഥകള്‍ പറഞ്ഞു നടന്ന അശാന്തമായ ഭൂതകാലത്തെക്കുറിച്ച് ഹൃദ്യമായ ഭാഷയിലെഴുതി..

ഭാവുകങ്ങള്‍!

പുതുവത്സരാശംസകള്‍ നേരുന്നു.

തറവാടി said...

ഉസ്മാന്‍ ,

ശക്തമായ ഉള്ളടക്കം പക്ഷെ ,

ഇതൊരു കഥയാണെങ്കില്‍ , എഴുത്തിന് ശക്തിപോരാ എന്നു ഞാന്‍ പറയും കാരണം താങ്കളുടെ ഭാഷയുടെ ശകതികൊണ്ടല്ല ഇത് വായനക്കാരനോട് സം‌വേദിക്കുന്നത് മറിച്ച് അതിലെ ഉള്ളടക്കമാണ്‌.
അതേസമയം ഇതൊരനുഭവക്കുറിപ്പാണെങ്കില്‍ , വളരെ ആത്മാര്‍ത്ഥതയോടെ പറയേണ്ടുന്ന ഒന്ന് അതില്ലാത്തരീതിയില്‍ അവതരിപ്പിച്ചുവെന്നും ഞാന്‍ പറയും. വളരെ നല്ല തുടക്കം കണ്ടെങ്കിലും എഴുത്തുകാരന്‌ ഏതു വിഷയത്തിനാണ്‌ പ്രാധാന്യം കൊടുക്കേണ്ടത് എന്ന ചിന്താകുഴപ്പം ഉണ്ടായതുപോലെ അനുഭവപ്പെട്ടു.

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

കുഞ്ഞായി | kunjai said...

നല്ല വരികള്‍ ഉസ്‌മാന്‍
ആശംസകള്‍

Sathees Makkoth | Asha Revamma said...

ആദ്യമായാണിവിടെ. ആശംസകള്‍!

Gopan | ഗോപന്‍ said...

പ്രിയപ്പെട്ട ഉസ്മാന്‍,
നിങ്ങളുടെ കുറിപ്പ് അതീവ ഹൃദയ സ്പര്‍ശിയാണ്..
മുഖം മൂടിയില്ലാതെ പതിവു മൂട് പടങ്ങളില്ലാതെ വളരെ തുറന്ന ഒരു സമീപനം..
ഇഷ്ടപ്പെട്ടു, കൂടുതല്‍ രചനകള്‍ നല്‍കി ഈ ബ്ലോഗ് സമൂഹത്തിനു ഒരു മുതല്‍ കൂട്ടായി മാറട്ടെ എന്ന് ജഗദീശ്വരനോടു പ്രാര്‍ത്ഥിക്കാം..
നവവത്സരാശംസകളോടെ,
സസ്നേഹം
ഗോപന്‍

മന്‍സുര്‍ said...
This comment has been removed by a blog administrator.
Unknown said...

Dear Usman,

Hearty congrats! Very interesting to read as the language is simple and you seem to talk from your heart! Keep writing more such stories.

Best wishes and Happy New Year!

Mohamed Ashraf